Sunday, January 9, 2011

മാപ്പിളപ്പാട്ട് പാടുന്ന തെയ്യം...


ഉത്തരകേരളത്തിലെ അനുഷ്ടാനകലയാണ് തെയ്യം.  കളിയാട്ടമെന്നും, തിറയാട്ടമെന്നും അറിയപ്പെടുന്ന നൃത്തം ചെയ്യുന്ന ദേവസങ്കല്പ്പമായ തെയ്യം പല തരത്തിലുണ്ട് എന്നത് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പണ്ട് കോലത്തിരി രാജാവിന്റെ കല്പന അനുസരിച്ച് കരിവള്ളൂര്‍ മണക്കാടന്‍ ഗുരുക്കള്‍ ഒറ്റ ദിവസം തന്നെ 39 തെയ്യങ്ങളെ കെട്ടിയിരുന്നു. ഒന്ന് കുറെ നാല്‍പ്പത്‌ എന്നാണ് ചൊല്ല്. ഒട്ടേറെ തറവാടുകളിലും 39 തെയ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കാണുന്നു. ഏഴു മാസം നീളുന്ന കളിയാട്ടത്തിന്റെ തുടക്കം കാസറഗോഡ് അല്ലാട രാജവംശത്തിന്റെ കീഴിലായിരുന്ന നീലേശ്വരം അന്നൂട്ടമ്പലം വീരര്‍ക്കാവിലാണ്. പിന്നീട് കോലത്തുനാട്ടില്‍ മയ്യില്‍ ചാത്തമ്പള്ളി വിഷകന്ടെന്‍ കാവില്‍ തുടങ്ങും. തുടക്കം നീലേശ്വരത്തും മുടിയഴിക്കല്‍ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലും എന്നാണ് പറയപ്പെടുന്നത്‌. വഴിപാടു തെയ്യങ്ങള്‍ എണ്ണം കൂടിയതോടെ ചില്ലറ മാറ്റങ്ങള്‍ വന്നു തുടങ്ങി.

കാസറഗോഡ് കോലങ്ങള്‍ക്ക്‌ അനുഷ്ട്ടാനം ഏറുമെന്നാണ് പ്രമാണം. കണ്ണൂരില്‍ കലശത്തിനാണ് പ്രാധാന്യം. ദേവി ദേവന്‍മാര്‍, യക്ഷഗന്ധര്‍വാദികളായ ഭൂതങ്ങളുടെയും നാഗങ്ങളുടെയും, മരിച്ചു പോയ കാരണവര്‍മാരുടെയും വീരപരാക്രമികളുടെയും സ്വരൂപമായി കെട്ടിയാടിച്ചു ആരാധിച്ചു പോരുന്ന ഗ്രാമീണ കലയാണിത്.ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ദൈവങ്ങള്‍.
ഇനി മാപ്പിള തെയ്യങ്ങളെ കുറിച്ച് പറയാം. കാസറഗോഡ് കംബല്ലൂര്‍ കോട്ടയില്‍ തറവാടിലെ തെയ്യമാണ്‌ മാപ്പിള ചാമുണ്ടി. കുമ്പള ആരിക്കാടിയില്‍ ആലിചാമുണ്ടി, മടിക്കൈ കക്കാട്ട് കോവിലകത്ത് ഉമ്മച്ചി തെയ്യം, ചിറ്റാരിക്കല്‍ ഭാഗത്ത് മുക്രി പോക്കര്‍ എന്നിവയാണ് മാപ്പിള തെയ്യങ്ങള്‍.
ചാമുണ്ടി കോലം വരുന്നതിനു മുമ്പ് തലയില്‍ കെട്ടും, പച്ച ഉടുപ്പും അണിഞ്ഞു മാപ്പിള തെയ്യം തറവാട്ടിലെ പള്ളിയറക്ക് മുന്നില്‍ കാത്തു നില്‍ക്കുകയും ദേവനൃത്തം കഴിഞ്ഞ് മടങ്ങുന്ന ചാമുണ്ടിയുടെ കൂടെ പോകുകയും ചെയ്യും. പള്ളിയറയില്‍ നിന്നും പോകുന്നതിനു മുമ്പ് മാപ്പിള തെയ്യം ബാങ്ക് വിളിക്കുകയും നിസ്കരിക്കുകയും ചെയ്യും. തുടര്‍ന്ന് പര്‍ദ്ദ അണിഞ്ഞ മുസ്ലിം സ്ത്രീകളും മറ്റും അനുഗ്രഹം തേടുകയും ചെയ്യും. ഒരുപക്ഷേ മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയിട്ട് തെയ്യത്തിന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നത് ഇന്ത്യയില്‍ തന്നെ വേറെയെങ്ങും കാണുകയില്ല. അതു കൊണ്ടായിരിക്കാം ഈ ക്ഷേത്രം ശ്രീ ഭഗവതി- ആലിചാമുണ്ടി ക്ഷേത്രമെന്നറിയപ്പെടുന്നത്. മുസ്ലിം പുരുഷന്മാര്‍ക്കും തലയില്‍ മുസ്ലിം തൊപ്പിയും, കയ്യില്‍ മാന്ത്രിക വടിയുമായി വരുന്ന ആലി തെയ്യത്തില്‍ നിന്നും പ്രസാദം വാങ്ങാം.
എന്നാല്‍ നീലേശ്വരം രാജവംശത്തിന്റെ ആരാധനാമൂര്‍ത്തിയായ യോഗ്യാര്‍ കോലം, തെയ്യാട്ടത്തിനോടുവില്‍ മാപ്പിള തെയ്യമായി മാറുന്ന "ഉമ്മച്ചി തെയ്യം" സ്ത്രീകളുടെ മാത്രം പ്രതിനിധിയാണ്. മുഖം മറച്ചു പിടിച്ച് നെല്ല് കുത്തുന്നതായി അഭിനയിക്കുന്ന ഉമ്മച്ചി തെയ്യം "അല്ലാഹു  അല്ലാഹു" എന്ന് വിളിക്കുകയും മാപ്പിളപ്പാട്ട് പാടുകയും ചെയ്യുമത്രേ...

8 comments:

Kadalass said...

പുതിയ അറിവ്

നന്ദി.........

ഐക്കരപ്പടിയന്‍ said...

താങ്കളുടെ ബ്ലോഗ്‌ ആദ്യമായാണ് കാണുന്നത് എന്ന് തോന്നുന്നു...
ഇത്തരം ആളറിയാത്ത കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം...ഉമ്മ തെയ്യം..കേള്‍ക്കാന്‍ നല്ല ചന്തം..കുറച്ചു കൂടി ഫോട്ടോ ഇട്ടാല്‍ കാണാമായിരുന്നു...ആശംസകള്‍ നേരുകയാണ്.

നാമൂസ് said...

തെയ്യം നമ്മോട് പലതും പറയുന്നു..
ഇന്നലെകളിലെ അടിയാളന്മാര്‍ മനുഷ്യരാകുന്ന ഒരു ദിവസം സ്വതന്ത്രാകുന്ന ഒരു സമയം ദൈവികത കല്പിച്ചരുളുന്ന വാഴ്ത്തപ്പെടുന്ന മുഹൂര്‍ത്തം....
ആ ഒരു പരിസരത്തു നിന്നും അവരുടെ ബോധത്തില്‍ പാരതന്ത്ര്യത്തിന്‍റെ കാരണത്തെ അറിയുന്നു.. കാരണക്കാരെ തേടുന്നു, തനിക്ക് മുഖം നല്‍കാതെ തന്‍റെ മുഖത്തെ ഇകഴ്ത്തിയ തമ്പുരാക്കന്മാരോട് തന്നെ പറയാന്‍ ഒരവസരം... തെയ്യത്തിന്‍റെ ജാതീയ പരിസരം ഇവിടം അനാവരണം ചെയ്യപ്പെടുന്നു.

നിയാസ് സൂചിപ്പിക്കുന്ന മാപ്പിള തെയ്യത്തിലും ഇതേ ജാതീയ പരിസരം കാണാം. ചൂരലും മുളയും കൊണ്ട് ഉപകരണങ്ങള്‍ നിര്‍മ്മിച്ചു കച്ചവടം ചെയ്തും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടും കാറ്റില്‍ നിന്നും ശേഖരിക്കുന്ന പച്ച മരുന്നുകളിലും ഉപജീവനം നടത്തുന്ന ആദിവാസി സമൂഹത്തിലെ 'മലയര്‍' സമുദായമാണ് മാപ്പിള തെയ്യങ്ങള്‍ കെട്ടിയാടുന്നത്‌.

ഒരു അനുഷ്ടാന കലയെ പരിചയപ്പെടുത്താന്‍ ശ്രമിച്ച നിയാസിന് അഭിനന്ദനം..!!!

Anonymous said...

തെയ്യങ്ങള്‍ - മതേതര സംസ്കാരത്തിന്റെ സൗന്ദര്യം

നിയാസ് - വളരെ നന്നായിട്ടുണ്ട്. തെയ്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്, തുടര്‍ന്നും എഴുതുക.

Sharaf | Dubai

new said...

ഇത് പോലുള്ള അറിവുകള്‍ തരുന്ന പോസ്റ്റുകള്‍ ഇനിയും പ്രതിക്ഷിക്കുന്നു

Unknown said...

തീര്‍ത്തും പുതിയൊരു അറിവ്. വീണ്ടും കാണാം

Noushad Koodaranhi said...

എന്റെ അമ്പല മുറ്റം...നാരയനേട്ടന്റെ തെയ്യ കോലം... ഹായ്...എല്ലാം ഓര്‍മയുടെ മുമ്പിലിങ്ങനെ...

കൊമ്പന്‍ said...

പുതിയ ഒരു അറിവ് നല്കപെട്ടു പണ്ട് കാലത്തെ മത സഹോട്ര്യതിന്റെയ് ഒരു അടയാളവും ഇതില്‍ കാണുന്നു

chintha.com