Wednesday, June 2, 2010

നിഴലുകള്‍ നമ്മെ വെടിഞ്ഞുപോകും


ഒരുദിനം നാം കണ്ടുമുട്ടും
നദിയില്‍ക്കിടന്നു തണുത്തുപോയ
കടലാസുതോണിയും തണ്ണിമത്തനുമെന്നപോലെ

ലോകത്തിന്റെ ഉത്‌കണ്‌ഠയെല്ലാം
നമ്മോടൊപ്പമുണ്ടാകും

കൈത്തലംകൊണ്ടു സൂര്യനെ മറച്ച്‌,
വിളക്കുംതൂക്കി നാം
പരസ്‌പരം സമീപിക്കും

ഒരുദിനം കാറ്റ്‌ ദിശമാറില്ല
ബിര്‍ച്ച്‌മരം വാതില്‍പ്പടിയില്‍ക്കിടക്കുന്ന
നമ്മുടെ ഷൂസുകളിലേക്ക്‌
ഇലകള്‍ പറത്തും

ചെന്നായ്‌ക്കള്‍
നമ്മുടെ നിഷ്‌കളങ്കതയെ പിന്തുടരും
ചിത്രശലഭങ്ങള്‍ നമ്മുടെ കവിളുകളില്‍
പൂമ്പൊടി വിതറും

ഓരോ പ്രഭാതത്തിലും വിശ്രമമുറിയിലിരുന്ന്‌
ഒരു വൃദ്ധ നമ്മെക്കുറിച്ചുള്ള കഥകള്‍ പറയും

ഞാനീ പറയുന്നതുപോലും വാസ്‌തവത്തില്‍
പറഞ്ഞുകഴിഞ്ഞതാണ്‌:
അതിര്‍ത്തിയിലെ രണ്ടു കൊടിക്കൂറകള്‍പോലെ
നാം കാറ്റിനെ കാത്തുനില്‍ക്കുന്നു

ഒരുദിനം ഓരോനിഴലും
നമ്മെ വെടിഞ്ഞുപോകും.

0 comments:

chintha.com