Wednesday, February 9, 2011

ഓട്ടോഗ്രാഫ്

ഫെബ്രുവരി 14
പ്രണയിക്കുന്നവരുടെ ദിനം...
പ്രണയത്തെ കുറിച്ച് എനിക്കൊന്നും പറയാനുണ്ടാവില്ല. കാരണം ഞാന്‍ ഇതു വരെ ആരെയും പ്രണയിച്ചിട്ടില്ല. എന്നാലും ഈ ദിനത്തെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്ന ഒരു സംഭവമുണ്ട്.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ഒരു സ്വകാര്യ കോളേജിലാണ്. ക്ലാസ്സില്‍ ആകെ ഇരുപത്തിയഞ്ച് പേര്‍. അതില്‍ ഇരുപത്തിനാല് ആണ്‍കുട്ടികളും ഒരേഒരു പെണ്‍കുട്ടിയും.

അവള്‍ നസീറ, സുന്ദരിയും സുമുഖിയും പഠിത്തത്തില്‍ മിടുക്കിയും. ഗള്‍ഫിലായിരുന്നു അവള്‍ പഠിച്ചതും വളര്‍ന്നതും . പത്താംതരം ആയപ്പോള്‍ അവളുടെ കുടുംബം നാട്ടില്‍ സെറ്റില്‍ ആവാന്‍ തീരുമാനിക്കുകയായിരുന്നു. ലേറ്റ് അഡ്മിഷന്‍ ആയതു കൊണ്ടാണ് ഇവിടെ എത്തിയത്.
ക്ലാസ്സില്‍ എല്ലാവരോടും നല്ല സുഹൃദ്ബന്ധം സ്ഥാപിച്ചെടുക്കാന്‍ അവള്‍ക്ക് അധികം സമയം വേണ്ടി വന്നില്ല. എല്ലാവരോടും സംസാരിക്കും, എന്നോട് ഒരല്‍പ്പം കൂടുതലും...
വളരെ അടുത്തൊരു സുഹൃദ്ബന്ധം എന്നതില്‍ കവിഞ്ഞ് ഞങ്ങളിരുവരിലും ഒന്നുമില്ലായിരുന്നു. സംശയങ്ങളും, അനുഭവങ്ങളും, വിശേഷങ്ങളും, കൊച്ചുകൊച്ചു രഹസ്യങ്ങളും, ശീലങ്ങളും ഞങ്ങള്‍ പരസ്പരം ഷയര്‍ ചെയ്തു.
ഞങ്ങളുടെ ഈ അടുപ്പം കണ്ടിട്ടാവാം, മറ്റു കുട്ടികള്‍ക്ക് സംശയം തോന്നി. അവര്‍ ഞങ്ങളെ ദിവസങ്ങളോളം വീക്ഷിച്ചു കൊണ്ടിരുന്നു. അവസാനം ഞങ്ങള്‍ പോലുമറിയാതെ അവര്‍ ഞങ്ങളെ "പ്രണയിതരായി" മുദ്രകുത്തി.
മാസങ്ങള്‍ കഴിഞ്ഞു.. കൊല്ലപരീക്ഷയുടെ ചൂട് ഞങ്ങളുടെ മുകളില്‍ ജ്വലിച്ചു നിന്നു. ആര്‍ക്കും ആരെയും കാണാനോ മിണ്ടാനോ സമയമില്ല. ഏതു നേരവും പഠിത്തം മാത്രം.

പരീക്ഷ തുടങ്ങിയ ദിവസമാണ് ഞാനും അവളും വീണ്ടും കണ്ടുമുട്ടുന്നത്. പിന്നീട് ഓരോ ദിവസവും ഞങ്ങള്‍ അന്നത്തെ പരീക്ഷയെ കുറിച്ച് വിശകലനം നടത്തും.  അങ്ങിനെ പരീക്ഷയുടെ അവസാന ദിവസം വന്നെത്തി. പിരിയുന്നതിനു മുന്‍പ് എല്ലാവരും ഒന്ന് "ഒത്തുകൂടാന്‍" തീരുമാനിച്ചു. അധ്യാപകരോട് ചര്‍ച്ച ചെയ്ത് തിയ്യതിയും സമയവും നിശ്ചയിച്ചു. സ്ഥലം ഞങ്ങളുടെ ക്ലാസ്സ്‌മുറി തന്നെ. ഇതിനകം എന്നേ ഒരു സുഹൃത്ത് ആ കാര്യം അറിയിച്ചു. ഞാനും നസീറയും തമ്മില്‍ സ്നേഹമാണ് പോലും.. ഞാന്‍ പോലുമറിയാതെ ഞങ്ങള്‍ സ്നേഹിക്കുന്നു എന്ന് അവനെങ്ങിനെ അറിഞ്ഞു..? ഞാന്‍ ആശ്ചര്യത്തോടെ ചോദിച്ചു. അതിനവന്‍ തന്ന മറുപടി എന്നേ അതിലേറെ അത്ഭുതപ്പെടുത്തി. "അവരെല്ലാവരും ചേര്‍ന്നു നടത്തിയ 'ഗവേഷണം' അഥവാ കണ്ടുപിടുത്തമാണ് പോലും.."

മനസ്സ് കൊണ്ട് പോലും ചിന്തിക്കാത്ത കാര്യം, അതാണ്‌ അവര്‍ സൃഷ്ട്ടിച്ചെടുത്തത്. ഇതേ കാര്യം ആരോ നസീറയുടെ ചെവിയിലും എത്തിച്ചുവെന്ന് ഞാനറിഞ്ഞു. എനിക്കാകെ ഒരു വിഷമം തോന്നി. എന്നേ കുറിച്ച് അവള്‍ എന്ത് കരുതും... ഞാനിനി എങ്ങിനെ അവളെ ഫേസ് ചെയ്യും... അവളിതു ഒരു തമാശയായി എടുക്കണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.
അന്ന് ഞങ്ങളെല്ലാം ഒത്തു കൂടാന്‍ തീരുമാനിച്ച ദിവസമായിരുന്നു. ഞാന്‍ രാവിലെ തന്നെ ടൌണില്‍ ചെന്ന് മനോഹരമായ ഒരു "ഓട്ടോഗ്രാഫ്" പുസ്തകം വാങ്ങിച്ചു കൊണ്ട് എന്റെ ക്ലാസ്സ്മുറിയിലെത്തി. അവള്‍ എത്തിയിട്ടില്ലായിരുന്നു. അവള്‍ മാത്രമല്ല പലരും വരുന്നെതെയുള്ളൂ. ഞങ്ങള്‍ കുറച്ച് പേര്‍ ചേര്‍ന്ന് ക്ലാസ്സ്‌മുറി അലങ്കരിച്ചു. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും സോഫ്റ്റ്‌ ഡ്രിങ്ക്സും എത്തിച്ചു. എല്ലാം തയ്യാറാക്കി മറ്റുള്ളവര്‍ക്കായി കാത്തുനിന്നു.
എല്ലാവരും എത്തിയപ്പോള്‍ ഞങ്ങള്‍ ഓട്ടോഗ്രാഫിനായി പുസ്തകം കൈമാറി.എനിക്ക് കിട്ടിയ പുസ്തകങ്ങളില്‍ അവസാനത്തേത് അവളുടെതായിരുന്നു. എല്ലാവര്‍ക്കും ചെയ്തത് പോലെ അതിലും ഞാനെന്തോ കുറിച്ചിട്ടു. എവിടെ നിന്നോ കടമെടുത്ത വരികള്‍...
എല്ലാവരും ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശം വന്നു. ഞാനെന്റെ പുസ്തകം തിരയുകയായിരുന്നു. അതു അവളുടെ കയ്യിലാണെന്നു ഞാനറിഞ്ഞു. ഭക്ഷണം കഴിച്ച് എല്ലാവരും യാത്ര പറഞ്ഞിറങ്ങി. മേല്‍വിലാസങ്ങള്‍ കൈമാറിയും വീണ്ടും കാണുമെന്ന്‌ പറഞ്ഞും ഓരോരുത്തരായി പുറത്തിങ്ങി. ഏറ്റവും ഒടുവില്‍ ഞാന്‍ നസീറയും...
ഞങ്ങള്‍ ഒരുമിച്ചു ബസ്സ്‌സ്റ്റോപ്പ്‌ വരെ നടന്നു. പരസ്പരം മിണ്ടാതെ.., ഒന്ന് നോക്കുക പോലും ചെയ്യാതെ..
ബസ്സ്‌സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അവള്‍ക്കു പോകാനുള്ള ബസ്സ്‌ എത്തിയിരുന്നു. അവളതില്‍ കയറുമ്പോള്‍ എന്റെ കൈകളിലേക്ക് ആ പുസ്തകം വെച്ചു തന്നു. മിഴികള്‍ കൊണ്ട് യാത്ര പറഞ്ഞ് അവള്‍ കയറി. ബസ്സ്‌ അകലുന്നത് വരെ ഞാന്‍ നോക്കി നിന്നു.

പിന്നേ എന്റെ കൈയിലുള്ള ഓട്ടോഗ്രാഫ് പുസ്തകം മറിച്ചുനോക്കി.
അതിലവള്‍ ഇങ്ങനെ എഴുതിയിരുന്നു...
"റോമിയോ ജൂലിയറ്റിനെ സ്നേഹിച്ചു...
ഷാജഹാന്‍ മുംതാസിനെ സ്നേഹിച്ചു...
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
പക്ഷേ ഒരു പ്രണയിതരെ പോലെയല്ല...
ഒരു സുഹൃത്തിനെ പോലെ...!!!"
                        എന്ന് സ്വന്തം നസീറ. 




12 comments:

നാമൂസ് said...

എഴുത്തിലെ വിഷയത്തിന് വലിയ പുതുമ ഒന്നുമില്ലെങ്കിലും അതിനെ പറഞ്ഞുവെച്ച ശൈലി എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാനുതകുന്നത്രയും മനോഹരവും ലളിതവുമായിരുന്നു. നല്ല ഒഴുക്കുള്ള വായന.
ആട്ടെ, ഒരു കൗതുകത്തിന് വേണ്ടി ചോദിച്ചോട്ടെ... നസീറയെ പിന്നീട് കണ്ടില്ലേ?

സാദിഖ് ഉദുമ പടിഞ്ഞാര്‍. said...

ലളിത മായാ ശൈലിയില്‍ നല്ല ഒഴുക്കില്‍ പറഞ്ഞു . അവസാനം വരെ ഔര്‍ ചെറിയ സുസ്പെന്‍സെ നിലനിര്‍ത്തി. എല്ലാവരുടെയും നിത്യ ബാല്യ കാലത്ത് സംഭവിക്കുന്ന ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങള്‍ (കൊച്ചു കൊച്ചു സന്തോഷങ്ങളും) ബോറടിപ്പികാതെ പറഞ്ഞു. congradulations ..!! ഇനിയും എഴുത്ത് തുടരുക

new said...

നഷ്ടപ്രണയമാണെല്ലേ ,കൊള്ളാം , ചെറിയ നൊമ്പരത്തോടുള്ള ഒരു ഓര്‍മ്മാ

hafeez said...

നല്ല ഒഴുക്കോടെ ലളിതമായി എഴുതി... എനിക്ക് ഇഷ്ടപ്പെട്ടു

ആചാര്യന്‍ said...

ലളിതം സുന്ദരം....ഞാന്‍ വിചാരിച്ചു അതില്‍ ഞാന്‍ സ്നേഹിക്കുന്നു കാമുകിയെപ്പോലെ എന്നാവും എന്നാണു കരുതിയെത്...നന്നായി ഈ ഔടൊഗ്രാഫ്..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം.നന്നായിട്ടുണ്ട്

കൂതറHashimܓ said...

നിഴലിന്റെ പ്രണയം നിലാവിനോട്
വെയിലിന്റെ പ്രണയം തണലിനോട്
മഴയുടെ പ്രണയം കാറ്റിനോട്
കടലിന്റെ പ്രണയം കരയോട്
രാവിന്റെ പ്രണയം പകലിനോട്
ഇരുളിന്റെ പ്രണയം പ്രകാശത്തോട്
പൂമ്പാറ്റയുടെ പ്രണയം പൂവിനോട്
എന്റെ പ്രണയം നിന്നോട്
നിന്നോട് മാത്രം

(ഇഷ്ട്ടപെട്ട വരികള്‍.. എവിടെ നിന്നോ എടുത്തത്)

niyas said...

@നാമ്മൂസ്... നന്ദി.. വന്നതിനും അഭിപ്രായം തന്നതിനും. അവളെ (നസീറയെ) പിന്നീട് ഒരിക്കല്‍ കണ്ടിരുന്നു. ഒരു മിന്നായം പോലെ. കൈയ്യിലൊരു കുട്ടിയുണ്ടായിരുന്നു.

@സാദിഖ്‌ ഉദുമ പടിഞ്ഞാര്‍.. വളരെ സന്തോഷം.
@ഡി പി കെ... നഷ്ടപ്രണയമൊന്നുമല്ല.., എന്നാലും ഒരു പ്രണയം :-)
@hafeez ... :-)
@ആചാര്യന്‍... കാമുകിയെ പോലെയല്ല എന്ന് മനസിലായില്ലേ.. അതെന്നെ
@റിയാസ് (മിഴിനീര്‍ത്തുള്ളി)... നന്ദി
@കൂതറ Hashim ... എന്റെ പ്രണയവും നിന്നോട് മാത്രം... :-)

saleenasahla@yahoo.com said...

വാഹ്‌! കുട്ടിക്കാലത്തെ സ്വപ്‌നങ്ങള്‍, അനുഭവങ്ങള്‍ രസമുല്ലതെന്തും പിന്നീട് തിരിഞു നോക്കുമ്പോള്‍ നല്ല രസമുള്ള ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നായി തീരും. അതാണല്ലോ എല്ലാവരും കുട്ടികളവന്‍ ആഗ്രഹിക്കുന്നെ.
ഒരാണും പെണ്ണും മിണ്ടിയാല്‍ ഒന്ന് നോക്കിയാല്‍ പ്രണയമെന്ന സങ്കല്പികലോകത് ഒരുമ പെണ്ണും ആണും സുഹൃത്ത് ആവുക വളരെ ബുദ്ടിമുട്ടാണ്. അത് വളരെ ലളിതമായി പറഞ്ഞ നിയസേ അഭിനന്ദനങ്ങള്‍.

ഫസലുൽ Fotoshopi said...

ന്നാലും മനസിലെവിടെയോ ഒരു ... ഇത് .....ഇത് ...ഉണ്ടാരുന്നോ....????

jijo said...

എനിക്ക് തോന്നിയത് അവള്‍ നിയാസ്ഇക്കയെ സ്നേഹിച്ചിരുന്നു എന്നാണ്.കാരണം, അന്ന് നിങ്ങള്‍ ബസ്‌ സ്റ്റൊപിലേക്ക് നടന്ന സമയത്ത് നിങ്ങള്‍കിടയില്‍ ഉണ്ടായിരുന്ന മൗനം.രചനാശൈലി അഭിനന്ദനീയം

Teena, thats my name said...

കൊല്ലം വെരി neat

chintha.com