Tuesday, February 8, 2011

തീര്‍ഥാടനം (താടി-ഭാഗം 3)

ഞാന്‍ ഇതിന് മുമ്പ് എഴുതിയ പോസ്റ്റുകളായ താടിയും ദര്‍ശനവും ശ്രീ ശബരിമല ശാസ്താവിന്റെ ദര്‍ശനത്തിനായി വ്രതം അനുഷ്ഠിച്ച അയ്യപ്പ ഭക്തന്മാരെ കുറിച്ചുള്ളതായിരുന്നു. ഇവ ഒരു നര്‍മ്മ രൂപത്തിലാണ് ആവിഷ്കരിച്ചിട്ടുള്ളത്. വായിച്ചവരില്‍ ഭൂരിഭാഗവും നര്‍മ്മ രൂപത്തില്‍ തന്നെ ആസ്വദിക്കുകയും ചിന്തിക്കുകയും ചെയ്തു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ഇവ രണ്ടും ഒരു മതത്തെയോ മത - ആചാരത്തെയോ വൃന്നപ്പെടുത്താണോ അധിക്ഷേപിക്കാനോ അല്ല എഴുതിയത്. എന്റെ സ്വന്തം നാട്ടില്‍ സംഭവിച്ച ഇത്തരം കാര്യങ്ങള്‍ ഒരുപാട് ഉണ്ട്. അവയില്‍ ചിലത് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ നിങ്ങളെ ഏവരെയും അറിയിക്കുക എന്നേ ഉദ്ദേശിച്ചുള്ളൂ.
ഭക്തിയോടെ നിര്‍വഹിക്കേണ്ട ആചാരങ്ങള്‍, ചില വിവരമില്ലാത്തവര്‍ "കാട്ടിക്കൂട്ടുന്ന" തോന്ന്യവാസമായി അധപ്പതിച്ചു കൂടാ എന്നും ആഗ്രഹിക്കുന്നു. ഈ പരമ്പരയിലെ മൂന്നാമത്തെ പോസ്റ്റ്‌ ഇവിടെ ആരംഭിക്കുന്നു. ആദ്യ രണ്ടു പോസ്റ്റുകള്‍ പോലെ തന്നെ ഇതും വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു...

ബരിമല സീസണ്‍ ആരംഭിക്കുന്നതോടെ ടാക്സികള്‍ക്കെല്ലാം നല്ല ഓട്ടമായിരിക്കും. ഒന്നോ രണ്ടോ ആഴ്ചകള്‍ മുമ്പ് ബുക്ക്‌ ചെയ്‌താല്‍ പോലും ചിലപ്പോള്‍ കിട്ടിയെന്നു വരില്ല. അങ്ങിനെയൊരു സമയത്താണ് ഒരു സംഘം അയ്യപ്പ ഭക്തന്മാര്‍ എന്റെ സുഹൃത്തിന്റെ അടുത്തെത്തുന്നത്. സുഹൃത്ത് ഒരു പിക്ക് അപ്പ്‌ വാന്‍ ഡ്രൈവറാണ്. ടാക്സികള്‍ കിട്ടാത്ത സാഹചര്യമായത് കൊണ്ട് പിക്ക് അപ്പ്‌ വാനില്‍ സന്നിധാനത്തില്‍ എത്തിക്കാമോ എന്നറിയാനാണ് സംഘത്തിന്റെ വരവ്. മോശമല്ലാത്ത തുകയും (സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍) ചിലവും നല്‍കാമെന്ന് സംഘം അറിയിച്ചപ്പോള്‍ സുഹൃത്തിന്റെ മനമിളകി. പക്ഷേ ഒരു പ്രശ്നം.., ഇത്രയും ആളുകള്‍ എവിടെ ഇരിക്കും..? എങ്ങിനെ പോകും..? സ്ഥിരമായി പച്ചക്കറിയും പഴങ്ങളും കയറ്റി പോകുന്ന വണ്ടിയായത് കൊണ്ട് വണ്ടിയുടെ ബോഡിയുടെ മുകളില്‍ "ഫ്ലാറ്റ്ഫോം" ഷീറ്റ് ഒന്നുമില്ലായിരുന്നു. തറയില്‍ ഇരുന്നു യാത്ര ചെയ്യുകയെന്നത് ദുഷ്കരവുമായിരിക്കും. അതിനാല്‍ സുഹൃത്ത്‌ ഒരു പോംവഴി കണ്ടെത്തി. രണ്ടു ബെഞ്ച് സംഘടിപ്പിച്ച് വണ്ടിയുടെ ഇരുവശത്തും വെച്ച് ബോഡിയുടെ സൈഡില്‍ കയറുകള്‍ കൊണ്ട് കെട്ടിയുറപ്പിച്ചു. വെയില്‍ കൊള്ളാതിരിക്കാന്‍ നാല് വശത്തും മുളകള്‍ വെച്ച് ഒരു ടാര്‍പോളിന്‍ ഷീറ്റും കെട്ടി മറച്ചു. അയ്യപ്പ സംഘവും ഹാപ്പി.. സുഹൃത്തും ഹാപ്പി..

പിറ്റേദിവസം വെളുപ്പിന് നാല് മണിക്ക് തന്നെ സുഹൃത്ത് തന്റെ വണ്ടി പൂക്കളാല്‍ അലങ്കരിച്ച്, ചന്ദനകുറികള്‍ വരച്ച്, അയ്യപ്പസ്വാമിയുടെ ഫ്രെയിം ചെയ്ത ഒരു ഫോട്ടോയും തൂക്കി യാത്രാ സംഘം പുറപ്പെടുന്ന ഭജനമന്ദിരത്തില്‍ എത്തിച്ചേര്‍ന്നു. തങ്ങളുടെ യാത്രക്കായി തയ്യാറായ വാഹനത്തിന്റെ സൗകര്യങ്ങള്‍ കണ്ട സംഘം "ടാക്സി കിട്ടിയില്ലെങ്കിലെന്ത്.. അതിനെക്കാളും സൌകര്യത്തില്‍ പോകാന്‍ പറ്റിയല്ലോ..." എന്ന് ആശ്വസിച്ചു.
കൃത്യം അഞ്ചു മണിക്ക് സംഘം യാത്രയാരംഭിച്ചു. പുലര്‍ച്ചയായതിനാല്‍ റോഡില്‍ വലിയ തിരക്കുകള്‍ ഇല്ലായിരുന്നു. വഴിയിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ കയറിയിറങ്ങി ഒടുവില്‍ അവര്‍ പമ്പയിലെത്തി ചേര്‍ന്നു.
സാധാരണ അയ്യപ്പ ഭക്തരെയും കൊണ്ട് വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക്, അവര്‍ മല കയറി തിരിച്ച് വരുന്നത് വരെയുള്ള ചിലവിലേക്ക് ഒരു തുക നല്‍കുക എന്ന പതിവുള്ളതാണ്. ഈ തുകയും പ്രതീക്ഷിച്ചു നിന്ന നമ്മുടെ സുഹൃത്തിന് ഒന്നും കൊടുക്കാതെയാണ്‌ സംഘം അവിടുന്ന് യാത്രയായത്. സുഹൃത്തിന്റെ കയ്യില്‍ കഷ്ട്ടിച്ചു ഒരു നേരത്തെ ആഹാരത്തിനുള്ള പൈസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ഗതിയോര്‍ത്ത് സങ്കടവും ദേഷ്യവും വന്ന സുഹൃത്ത്‌, വണ്ടിയുടെ പിറകില്‍ കെട്ടി വെച്ചിരുന്ന ബെഞ്ചിന്റെ കയര്‍ അറുത്ത് വിട്ടു.
മലയിറങ്ങി വന്ന അയ്യപ്പ സംഘം ഇതൊന്നുമറിയാതെ വണ്ടിയില്‍ കയറി. എല്ലാവരും കയറിയെന്നു ഉറപ്പ് വരുത്തിയ സുഹൃത്ത്‌ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് യാത്ര തുടങ്ങി. ഓട്ടം തുടങ്ങിയപ്പോള്‍ തന്നെ ക്ഷീണത്താല്‍ സംഘത്തിലുള്ള മുഴുവന്‍ ആളുകളും ഉറക്കം തുടങ്ങി. തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് വിജനമായ സ്ഥലത്ത് വണ്ടി എത്തിയപ്പോഴായാണ് സുഹൃത്ത് തന്റെ ദേഷ്യം തീര്‍ക്കാന്‍ തീരുമാനിച്ചത്. 
സുഹൃത്ത് ചെയ്തതെന്ന് അറിയുമോ..? ഓടി കൊണ്ടിരിക്കവേ വണ്ടിയുടെ ബ്രേക്കില്‍ ആഞ്ഞൊരു ചവിട്ട്.. പോരെ പൂരം., ഉറക്കത്തിലായിരുന്ന എല്ലാവരും ചടെന്നു മൂക്കും കുത്തി താഴോട്ട്..


എങ്ങിനെയുണ്ട് നമ്മുടെ ചങ്ങാതിയുടെ ബുദ്ധി...?
(വേണമെങ്കില്‍ തുടരും.) 




1 comments:

Sameer Thikkodi said...

വായിച്ചു ...
:)

chintha.com