Thursday, February 10, 2011

ലൗഡ് സ്പീക്കര്‍

ഉച്ചിക്കെട്ടി പാറോടി..
പന്ത്രണ്ടപ്പം ചുട്ടോടി..
എനിക്കൊരെണ്ണം തന്നോടി..
ഞാന്‍ തൊടുമ്പോള്‍ എന്നാടി...
ലൗഡ് സ്പീക്കര്‍ എന്ന സിനിമയിലെ മൈക്ക് പീലിപോസിനെ ഓര്‍മ്മിപ്പിക്കും വിധം ഉച്ചത്തിലുള്ള ഈ ഗാനം കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്‌. മൈക്കിനെ പോലെ തന്നെ ഇടുക്കി ജില്ലക്കാരനും, തോപ്രാങ്കുടിയുടെ അടുത്ത നാട്ടുകാരനുമായത് കൊണ്ടായിരിക്കാം പ്രദീപിന് പതുക്കെ സംസാരിക്കുന്നത് "അലര്‍ജി"യാണ്.

തെങ്ങ് കയറ്റമാണ് പ്രദീപിന്റെ ജോലി. എന്നുവെച്ച്  അതു മാത്രമേ ചെയ്യൂ എന്നൊന്നും ഇല്ല കേട്ടോ.. വെറുതെയിരിക്കാന്‍ അറിയത്തില്ല. എന്ത് വിഷയമാന്നേലും (അറിയത്തില്ലെങ്കില്‍ പോലും) ഉച്ചത്തില്‍ സംസാരിക്കും.
പഠിക്കുന്ന കാലത്ത് അദ്ധ്യാപകരുടെ തീരാ തലവേദനയാണ് പുള്ളിക്കാരന്‍. എന്ത് ചോദിച്ചാലും തല തെറിച്ച ഉത്തരം മാത്രം. ഒരു ദിവസം സ്കൂള്‍ വിട്ട് പ്രദീപ്‌ നേരെ ചെന്നത് അടുത്തുള്ള ബാറിലെക്കായിരുന്നു. ബാറിന്റെ മുന്നിലെത്തിയപ്പോള്‍ ദാണ്ടേ കിടക്കുന്നു "ഹെഡ് മാഷിന്റെ" സ്കൂട്ടര്‍.. പ്രദീപനൊന്നു ശങ്കിച്ചു. ഹെഡ് മാഷായത് കൊണ്ട് ലോക്കല്‍ ബാറില്‍ കയറത്തില്ല, ഏ.സി. ആയിരിക്കും പുള്ളിക്ക് ഇഷ്ടം. അതു കൊണ്ട് പ്രദീപ്‌ ലോക്കല്‍ ബാറില്‍ കയറി മുന്തിയയിനം ബ്രാണ്ടി ഒരു ലാര്‍ജ്ജിനു ഓര്‍ഡര്‍ ചെയ്തു.


സോഡയും ഒഴിച്ച് ഗ്ലാസ്‌ കൈയ്യിലെടുത്തപ്പോള്‍ ഒരു "ചിയേര്‍സ്" പറയുന്നത് കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ ആരാ...? നമ്മുടെ ഹെഡ് മാഷ്‌.. പിന്നേ രണ്ടുപേരും നേര്‍ക്ക്‌ നേര്‍, മുഖത്തോട് മുഖം നോക്കി ഒറ്റയിരിപ്പാ...

പിറ്റേ ദിവസം ക്ലാസ്സില്‍ കയറാന്‍ നേരത്ത് ടീച്ചറുടെ ഉത്തരവ് വന്നു. ഹെഡ് മാഷിനെ കണ്ടിട്ട് കയറിയാല്‍ മതിയെന്ന്. മതിയെങ്കില്‍ മതി. ഉടനെ വെച്ച്പിടിച്ചു ഹെഡ് മാഷിന്റെ മുറിയിലേക്ക്.. അങ്ങേര്‍ക്കാന്നെങ്കില്‍  അപ്പനെ കാണാതെ ക്ലാസ്സില്‍ കയറ്റാന്‍ പറ്റത്തില്ല.. കോപ്പ്. എന്നാ ശരി, ആയിക്കോട്ടേയെന്നു പ്രദീപും.

വീട്ടില്‍ ചെന്ന് അപ്പനെ ഹെഡ് മാഷ്‌ തിരക്കിയ കാര്യം പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ കാര്യമറിയാന്‍ അപ്പന്‍, ഹെഡ് മാഷിനെ കാണാന്‍ ചെന്നു. ഹെഡ് മാഷ്‌ കാര്യം "വിശദമായി" പറഞ്ഞു കൊടുക്കുകയും ചെയ്തു.
കേട്ട പാതി അപ്പന്‍ ഒരൊറ്റ അലര്‍ച്ച.."എടാ പ്രദീപാ..." എന്ന്.
പുറത്ത് നില്‍ക്കുകയായിരുന്ന പ്രദീപ്‌ ഓടി ചെന്നു.
"എന്താടാ ഞാന്‍ കേള്‍ക്കുന്നത്..? ഹെഡ് മാഷ്‌ പറയുന്നതൊക്കെ സത്യമാണോടാ..?"
അപ്പന്റെ ചോദ്യം കേട്ട് പ്രദീപ്‌ നിന്നു ചിണുങ്ങി.
"ഞാന്‍ മാത്രമല്ല അപ്പാ.. ഹെഡ് മാഷുമുണ്ടായിരുന്നു. അങ്ങേരു ചിയേര്‍സ് പറഞ്ഞപ്പോഴാ എന്നേ കണ്ടത്."
"ഉള്ളതാണോ മാഷേ..?" അപ്പന്റെ ചോദ്യം മാഷോടായി. "പിന്നെങ്ങനാ പിള്ളേരു നന്നാവുന്നേ.., രണ്ടക്ഷരം പഠിപ്പിച്ചു കൊടുക്കേണ്ട നിങ്ങളിങ്ങനെ ലോക്കല്‍ ബാറില്‍ പോയി കുടിച്ചു നടന്നാ പിന്നെ പിള്ളേരെ കുറ്റം പറയാനൊക്കുമോ? ഒന്നുമില്ലേലും അവനൊരു കുട്ടിയല്ലേ..? ഇനീപ്പം എന്നാത്തിനാ അവനെ മാത്രം പുറത്താക്കുന്നെ.. അങ്ങ് വിട്ടേര് മാഷേ..." ഇതും പറഞ്ഞ് അപ്പന്‍ ഒറ്റ പോക്കാ..
ഹെഡ് മാഷ്‌ കുന്തം വിഴുങ്ങിയ പോലെ ഒരൊറ്റ നില്‍പ്പും...
ദാണ്ടേ ഇതു പോലെ...

7 comments:

sahla.saleena@gmail.com said...

നന്നായിട്ടുണ്ട്. നിയസേ എഴ്തുക. എഴുതി എഴുതി എല്ലാവരെയും ചിരിപ്പിക്കു ഇതുപോലെ.

കൂതറHashimܓ said...

ഹഹഹഹഹാ
അച്ഛനും മാഷും കൊള്ളാം

ആചാര്യന്‍ said...

അനുഭവം ആണല്ലേ...സ്വയം ആണോ?...നന്നായി എഴുതി ഇനിയും എഴുതുക..അനുഭവങ്ങളെ....

Anonymous said...

ഹഹ...:)
നല്ല തമാശ,,

Sameer Thikkodi said...

ഇവിടെ ഹെഡ് മാസ്റ്റര്‍ ലോക്കല്‍ ബാറില്‍ പോയി കുടിച്ചതാ പ്രശ്നം അല്ലെ ?

:)

കൊമ്പന്‍ said...

സംഗതി കൊള്ളാം ഇനി ഞാന്‍ ലോകല്‍ ബാറില്‍ പോകില്ല

jijo said...

സര്‍കാര് ബീവറേജു നടത്തുമ്പോള്‍ എന്തിനാ ബാറില്‍ പോയെ ന്റെ നിയസ്ക്കാ

chintha.com