Wednesday, June 23, 2010

മലയാള സിനിമയുടെ ഒരു ഗതിയെ...

കഴിഞ്ഞ ലക്കം "സിനിമാ മംഗളം" വാരികയില്‍ വളരെ ആത്മാര്‍ഥമായ ഒരപേക്ഷ കണ്ടു.
"പ്രിയപ്പെട്ട മമ്മൂട്ടീ...,
സിനിമ വിജയിക്കാന്‍, ഫാന്‍സ്‌ കുഞ്ഞുങ്ങള്‍ക്ക് " ആര്‍മാദിക്കാന്‍" എന്തു വേണമെങ്കിലും ചെയ്തുകൊള്ളൂ; ഡാന്‍സ് ഒഴിച്ച്. എന്തെന്നാല്‍ അങ്ങയുടെ ' മാങ്ങ പറി, ചെളികുത്ത് ' കണ്ടു കണ്ട ഞങ്ങള്‍ മഹത്തായ ആ കലാരൂപത്തെ തന്നെ വെറുത്തു തുടങ്ങിയിരിക്കുന്നു."
ഇതു വായിച്ചപ്പോള്‍ ഈയിടെയായി ഇറങ്ങിയ പോക്കിരിരാജാ എന്ന പടം ഓര്‍ത്തു പോകും.
"മലയാള സിനിമക്ക് എന്ത് സംഭവിച്ചു " എന്ന ചോദ്യം മലയാളികള്‍ ( പ്രതേകിച്ച് സിനിമാക്കാര്‍ ) ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
ഈ ചോദ്യം അവസാനിപ്പിച്ച് ഒരു വട്ടമെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും രക്ഷപ്പെട്ടേനെ....
തമിഴ് സിനിമയെ നാം (മലയാളികള്‍ ) ആക്ഷേപിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു .
40 പേരെ ഒറ്റക്ക് നേരിടുന്ന നായകന്‍, എത്ര വെടി കൊണ്ടാലും മരിക്കാത്ത വീരന്‍ (എന്നാല്‍ ഒരു വെടി മതി വില്ലന്‍ മരിക്കാന്‍), ചെറുതായൊന്ന് അടിച്ചാല്‍ പറന്നു പോകുന്ന ഗുണ്ടകള്‍, എത്ര ഉയരത്തില്‍ നിന്ന് ചാടിയാലും ഒരു പോറല്‍ പോലും ഏല്‍ക്കാത്ത, ചെളിയിലും മണ്ണിലും ഷര്‍ട്ടില്‍ അഴുക്ക് പുരളാത്ത, മഴയിലും വസ്ത്രം നനയാത്ത അനേകം നായകന്മാര്‍ തമിഴ് സിനിമയില്‍ ഉണ്ടായിട്ടുണ്ട് .
അത് അന്ത കാലം.. ഇന്ന് തമിഴ് മക്കള്‍ മലയാള സിനിമയെ എന്ത് വിളിക്കണം..?
സത്യം പറഞ്ഞാല്‍ മുട്ടന്‍ തെറി തന്നെ വിളിക്കണം അല്ലേ..?
തമിഴ് സിനിമയെ പോലും വെല്ലുന്ന തരത്തില്‍ മലയാള സിനിമാ നായകന്മാര്‍ പറന്ന് അടിക്കുന്നത് കണ്ടാല്‍ മുകളില്‍ പറഞ്ഞ പോലെ " മഹത്തായ കലാരൂപത്തെ വെറുക്കുകയെല്ലാതെ എന്ത് ചെയ്യും...!!!
വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയും തമിഴ് മന്നന്‍ രജനികാന്തും ഒരുമിച്ച ഒരു ചിത്രം വന്നത് ഓര്‍ക്കുന്നില്ലേ ? ചിത്രത്തിന്റെ ക്ലൈമാക്സില്‍ മരിച്ചു വീഴുന്ന രജനിയെ കണ്ട ഒരു കൂട്ടം തമിഴ് മക്കള്‍ കണ്ണൂരിലെ ഒരു തീയ്യറ്റെര്‍ തീവെച്ച് നശിപ്പിച്ചു. പിന്നീട് മറ്റു പലയിടത്തും ഇതു ആവര്‍ത്തിച്ചപ്പോള്‍ ക്ലൈമാക്സ്‌ തന്നെ മാറ്റുകയായിരുന്നു.
ഇതിനു സമാനമായ ഒരു വാര്‍ത്ത കഴിഞ്ഞ വാരത്തില്‍ കേള്‍ക്കുകയുണ്ടായി. സുരേഷ് ഗോപി അഭിനയിച്ച "റിംഗ് ടോണ്‍ " എന്ന പടം കണ്ട് കലികയറിയ ജനങ്ങള്‍ കോട്ടയത്തെ ഒരു തിയ്യറ്റര്‍ തകര്‍ത്തു കളഞ്ഞു..
മലയാള സിനിമയുടെ ഒരു ഗതിയെ....
ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാകണം....
മലയാള സിനിമയെന്ന് കേട്ടാലോ തിളക്കണം കലി നമ്മുടെ........

0 comments:

chintha.com