Wednesday, February 23, 2011

ഇടങ്ങള്‍ നഷ്ടപ്പെട്ടവര്‍.

     ര്‍വ്വിസിലുണ്ടായിരുന്ന കാലത്ത് പോലും അയാള്‍ ഇത്രയും അസ്വസ്ഥനായിരുന്നില്ല. ഇന്നിപ്പോള്‍ ജോലിയില്‍ നിന്നും പിരിഞ്ഞിട്ടു ഏതാനും വര്‍ഷങ്ങളായി. ഇപ്പോഴയാള്‍ തികച്ചും അസ്വസ്ഥനാണ്. രോഗങ്ങള്‍ അയാളുടെ ശരീരത്തെയും മനസ്സിനെയും തളര്‍ത്തി. സ്നേഹിച്ചവര്‍ വെറുക്കുകയും തള്ളിപറയുകയും ചെയ്തു. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും കിട്ടാതെയായി. പണ്ട് അയാള്‍ സഹായം ചെയ്തു കൊടുത്തവര്‍ തിരിഞ്ഞു നോക്കാതെയായി.

        ഭാര്യയുടെ അവഗണനയും കുറ്റപ്പെടുത്തലുകളും, മക്കളുടെ ശകാരങ്ങളും ഭീഷണിയും, ഒന്നിനും തികയാത്ത പെന്‍ഷന്‍ തുകയും എല്ലാം അയാളുടെ മനസ്സിന്റെ സമാധാനം കെടുത്തി. മക്കള്‍ സ്വത്തിനു  വേണ്ടി അവകാശം ഉന്നയിച്ചു. നിര്‍ബന്ധം മുറുകിയപ്പോള്‍ സ്വത്തുക്കള്‍ വീതിച്ചു കൊടുത്തു. അമ്മയെ സംരക്ഷിച്ചു കൊള്ളാമെന്ന നിബന്ധനയില്‍ മക്കള്‍ അത് പങ്കിട്ടു. മാസങ്ങള്‍ കടന്നു പോയി. മക്കളെല്ലാരും ചേര്‍ന്ന് അമ്മയെ മാറി മാറി "വളര്‍ത്തി" കൊണ്ടിരുന്നു.
        അയാളെ അപ്പോഴും എല്ലാവരും കുറ്റപ്പെടുത്തി. വീടിന്റെ ഒരു കോണില്‍ "എടുക്കാത്ത നാണയ തുട്ട്" പോലെ, ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ, ശുശ്രൂഷയില്ലാതെ അയാള്‍ കഴിഞ്ഞു. മക്കളുടെ തല്ലു പേടിച്ച് ഒന്നുമുരിയാടാതെ എല്ലാം സഹിച്ചു. ദൈവത്തോട് കേണപേക്ഷിച്ചു. സഹിക്കാവുന്നതിലും അപ്പുറത്തായപ്പോള്‍ ആരോടും പറയാതെ വീടു വിട്ടിറങ്ങി.
        ഭിക്ഷയാചിച്ചും കടത്തിണ്ണയില്‍ അന്തിയുറങ്ങിയും കാലം നീക്കി. വിശപ്പ്‌ അയാളെ കാര്‍ന്നു തിന്നു. ബോധം നഷ്ടപ്പെട്ട് ദിവസങ്ങളോളം കിടന്ന അയാളെ ആരൊക്കെയോ ചേര്‍ന്ന് ചുമന്ന്‍ കൊണ്ടുപോയി. വീണ്ടും കണ്ണ് തുറക്കാന്‍ ഭാഗ്യം ലഭിച്ച അയാള്‍ക്ക്‌ ചുറ്റും കുറെ വൃദ്ധന്മാര്‍ നില്‍ക്കുന്നത് അയാള്‍ കണ്ടു. അവര്‍ അയാളെ നോക്കി പുഞ്ചിരിച്ചു. തന്നെ പോലെയുള്ള വൃദ്ധന്മാരുടെ ലോകം അയാളെ അതിശയിപ്പിച്ചു.

          മക്കളെ പോലെ സ്നേഹത്തോടെ പരിചരിക്കുകയും ഭക്ഷണം വിളമ്പിതരികയും, കുളിപ്പിക്കുകയും, സ്വാന്തനിപ്പിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരെ അയാള്‍ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. സുഖവും സന്തോഷവും അയാള്‍ അനുഭവിച്ചു. ഇനി ഒരാഗ്രഹം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മനസമാധാനത്തോടെ ഒന്ന് ഉറങ്ങണം. ആരെയും വേദനിപ്പിക്കാതെ ഒന്ന് വിശ്രമിക്കണം. വീശിയെത്തുന്ന കാറ്റിന്റെ കുളിരേറ്റ് അയാള്‍ ഉറങ്ങാന്‍ കിടന്നു.
           വെളുപ്പിന് ചെന്ന് വിളിച്ചപ്പോള്‍ വിളികേട്ടില്ല. അയാള്‍ കണ്ണുകള്‍ തുറന്നില്ല. പകരം അയാളുടെ മുഖം സൂര്യപ്രഭ പോല്‍ ജ്വലിക്കുന്നത് കാണാമായിരുന്നു. ഒപ്പം ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയും.

8 comments:

കൊമ്പന്‍ said...

സ്നേഹത്തിന്‍ വേരുകള്‍ അറ്റ് പോകുന്ന ഈ ലോകത്ത് സ്നേഹ പ്രചാരകരായ കുറച്ചു ചെരുപ്പക്കരെങ്ങിലും ഉണ്ടെന്നു നമുക്ക് സമാധാനിക്കാം

ആചാര്യന്‍ said...

നന്നായി....ഇത് അനുഭവം ആണോ....നല്ലവര്‍ ഇനിയും ഉണ്ടാകട്ടെ

jijo said...

എവിടെ ഒക്കയോ വേദനകള്‍ ഉളവാക്കുന്നു.പക്ഷെ എവിടെയോ കണ്ട ഒരു സിനിമയുടെ തിരക്കഥ പോലെ

രാജാവിന്റെ മകന്‍ said...

നിയസ്, ഒരുപാടു കേട്ടിട്ടുള്ളതാണെങ്കിലും വേദനിപ്പിക്കുന്ന കഥയാണ്. ഇനിയും എഴുതുക.

achuveettan(Nithin N Nair) said...

എഴുത്തില്‍ പുതുമ കൊണ്ട് വരാന്‍ ശ്രമിക്കുക ...

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu..... aashamsakal.........

Sameer Thikkodi said...

പറഞ്ഞാലും പറഞ്ഞാലും തീരാത്ത നാം മറക്കരുതാത്ത , നമ്മില്‍ വന്നു ഭാവിചെക്കാവുന്ന ഭീതിതമായ ഒരു സത്യം ...

പോംവഴി !? നമ്മുടെ മാതാപിതാക്കളെ ഭൂമിയില്‍ ലഭ്യമായ മറ്റെല്ലാട്ടിനെക്കാളും സ്നേഹിക്കുക പരിചരിക്കുക ...
ഇങ്ങനെ ഉള്ള ഒരു മനുഷ്യനും ഒരിക്കലും ഈ ഗതികേട് വരില്ല ... നമ്മുടെ കണ്ണുകള്‍ മലര്‍ക്കെ തുറന്നു വെക്കുക ...

നന്ദി നിയാസ് .. വീണ്ടും ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കുക ..

Jefu Jailaf said...

പറഞ്ഞു കേട്ട പല സത്യങ്ങളില്‍ ഒന്ന് തന്നെ. എങ്കിലും വായിച്ചപ്പോള്‍ ഒരു വേദന..

chintha.com