Saturday, March 12, 2011

ഫുട്ബോള്‍ പ്രേമം

കാസറഗോഡ് കുമ്പള എന്ന സ്ഥലത്ത് ഫുട്ബോളിനെയും മാപ്പിളപാട്ടിനെയും സ്നേഹിച്ചിരുന്ന (ഭ്രാന്തമായി) ഒരാളാണ് ഖാദര്‍ച്ച (ഇച്ച എന്നാല്‍ ഇക്ക എന്ന് അര്‍ത്ഥം). ആ പ്രദേശത്തുള്ള സ്പോര്‍ട്സ് ക്ലബുകളുടെ സ്ഥിരം സ്പോണ്‍സര്‍ ആണ് മൂപ്പര്‍.

              ഒരു ദിവസം, ഖാദര്‍ച്ച സ്പോണ്‍സര്‍ ചെയ്ത ടീമിന്റെ ഫൈനല്‍ മത്സരം നടക്കുന്ന ദിവസം. അയല്‍നാട്ടിലെ പ്രമുഖ ടീമിനോടാന്നു ഏറ്റുമുട്ടെണ്ടത്. ഏവരും ആകാംഷയോടെ ഒരു ഇന്ത്യ- പാക്ക് മത്സരം എന്നോണ്ണം കാത്തിരിക്കുന്ന അവസരം. ചില ഒഴിച്ച് കൂടാനാവാത്ത കാര്യങ്ങള്‍ക്കായി ഖാദര്‍ച്ചാക്ക് കാസറഗോഡ് വരെ പോകേണ്ടി വന്നു. പോകുന്നതിനു മുമ്പ് ഖാദര്‍ച്ച തന്റെ ടീം അംഗങ്ങളെ കണ്ട് വേണ്ട നിര്‍ദേശങ്ങളും വിജയാശംസകളും നേര്‍ന്നു. 
              മുന്‍ നിശ്ചയ പ്രകാരം ഉച്ചക്ക് രണ്ട് മണിക്ക് തന്നെ മത്സരം ആരംഭിച്ചു. ജനങ്ങള്‍ ആവേശത്തോടെ കളിക്കാരെ പ്രോത്സാഹിപ്പിച്ചു. ഇരു ടീമുകളും ഗോളുകള്‍ ഒന്നും നേടാതെ ആദ്യ പകുതി പിന്നിട്ടു. ഇടവേളയില്‍ ടീം അംഗം ഖാദര്‍ച്ചാനെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. 
              ഇടവേള കഴിഞ്ഞ് ആദ്യ പത്ത് മിനിട്ടിനുള്ളില്‍ എതിര്‍ ടീം ഒരു ഗോളടിച്ചു. കുമ്പളക്കാരുടെ ആവേശം ആധിയായി മാറി. ഗോള്‍ മടക്കുകയും വേണം, ജയിക്കാനായി ഒരു ഗോള്‍ അടിക്കുകയും വേണം. മത്സരം തുടര്‍ന്ന് കൊണ്ടേയിരുന്നു. പെട്ടന്ന് മഴ പെയ്യാന്‍ തുടങ്ങി. പതിനഞ്ചു മിനിറ്റ് മാത്രമേ ബാക്കിയുള്ളൂ. മത്സരം ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയതിനാല്‍ മഴ കാര്യമാക്കാതെ കളി തുടര്‍ന്നു. ഒടുവില്‍ ഖാദര്‍ചാന്റെ ടീം മത്സരത്തില്‍ തോറ്റുകൊടുക്കേണ്ടി വന്നു.

മത്സരം കഴിഞ്ഞയുടനെ ടീം അംഗത്തിനു ഖാദര്‍ചാന്റെ കാള്‍ വന്നു. തോറ്റെന്നു അറിഞ്ഞാല്‍ ഖാദര്‍ച്ച പൊട്ടിത്തെറിക്കുമെന്ന് കരുതി ആദ്യമാദ്യം കാള്‍ അറ്റന്റ് ചെയ്യാതിരുന്ന ടീം അംഗം, ഒടുവില്‍            
അറ്റന്റ് ചെയ്തു.
"ഹലോ.., ഖാദര്‍ച്ചാ.."
"എന്തായിടാ കളി കഴിഞ്ഞില്ലേ ഇത് വരെ..?"
"കളി കഴിഞ്ഞു ഖാദര്‍ച്ചാ... "
"നമ്മള് ജയിച്ചാ...?"
"ഖാദര്‍ച്ചാ...... അത്... പിന്നെ..."
"എന്താടാ ഹമുക്കേ, നിന്ന് ബ ബ ബ പറയുന്നത്...? ജയിച്ചാ തോറ്റാ..?"
"അത്... പിന്നെ.. നമ്മള് തോറ്റു ഖാദര്‍ച്ചാ...."
"തോറ്റാ...? എങ്ങിനെ തോറ്റെ..?"
"നല്ല മഴയുണ്ടായിരുന്നു ഖാദര്‍ച്ചാ... അത് കൊണ്ട് ഗോളടിക്കാന്‍ കഴിഞ്ഞില്ല.."
"ഓ ഹോ ഇബടെ മഴ ഇല്ലാല്ലോ..?"
"കുമ്പളയില്‍ നല്ല മഴയായിരുന്നു ഖാദര്‍ച്ചാ..."
അല്‍പ്പ സമയത്തെ മൌനത്തിനു ശേഷം ഖാദര്‍ച്ച ചോദിച്ചു.
"അപ്പോള്‍ മഴയുണ്ടായത് കൊണ്ടാ നിങ്ങള് തോറ്റത് അല്ലേ..?"
"അതെ.. ഖാദര്‍ച്ചാ..."
"ഫ.. ശൈത്താനെ.., അപ്പോള്‍ മറ്റേ ടീം എന്താ കുടയും പിടിച്ചാണോ ഗോളടിച്ചത്..? പറയടാ ഹമുക്കേ..!!!!!"


3 comments:

Unknown said...

ഞങ്ങൾ കുട എടുക്കാൻ മറന്നു ഖാദര്‍ച്ചാ...

Arjun Bhaskaran said...

ഹ ഹ അത് കലക്കി.. ഒരു സീതി ഹാജി ടച്ച്‌ ,...

Prabhan Krishnan said...

ഇതുംഭേഷായി..!!

ഇനിയും എഴുതുക..
ഒത്തിരിയാശംസകള്‍...!!

chintha.com