Wednesday, May 18, 2011

സ്വര്‍ഗത്തില്‍ നിന്നൊരു കത്ത്

ആരും സംശയിക്കേണ്ട.. സംഭവം സത്യമാണ്. എനിക്ക് സ്വര്‍ഗത്തില്‍ നിന്നുമൊരു കത്ത് വന്നു. എങ്ങിനെ വന്നുവെന്നോ ആരാണ് കൊണ്ടുതന്നതെന്നോ ചോദിക്കരുത്. കാരണം.., എനിക്കറിയില്ല. ഞാന്‍ രാവിലെ ഉണര്‍ന്നപ്പോള്‍ എന്‍റെ മേശയുടെ മുകളില്‍ ഒരു കത്ത് കണ്ടു. കവര്‍ തുറന്നപ്പോഴേക്കും എന്‍റെ മുറിയിലാകെ സുഗന്ധം പരക്കാന്‍ തുടങ്ങി. ഇന്നേ വരെ ഞാന്‍ അത്രയും നല്ല സുഗന്ധം ആസ്വദിച്ചിട്ടില്ല. ദാ ഇപ്പോഴും ആ സുഗന്ധം എന്‍റെ മൂക്കിന്‍ തുമ്പത്ത്‌ നിന്നും പോയിട്ടില്ല. മനോഹരമായ കൈയ്യക്ഷരത്തില്‍ സ്വര്‍ണ്ണ നിറമുള്ള മഷിയാല്‍ എഴുതിയ ആ കത്തില്‍ ഞാനൊന്ന് കന്നോടിച്ചതും, അത്ഭുതം കൊണ്ട് കോരിത്തരിച്ചു പോയി. സ്വര്‍ഗത്തില്‍ നിന്നും എനിക്കാര് കത്തയക്കാന്‍? അതും ഈ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ ? എന്തായാലും ഒരു കത്ത് വന്നു. എന്നാലത് വായിച്ചു നോക്കാം. നിങ്ങളും കേട്ടോ...

പ്രിയ മനുഷ്യാ,
സ്വര്‍ഗത്തില്‍ നിന്നാണ് ഞാന്‍ ഈ കത്തെഴുതുന്നത്. സ്വര്‍ഗത്തിലെ കാവല്‍ക്കാരില്‍ ഒരാളാണ് ഞാന്‍. ഈ കത്ത് താങ്കള്‍ക്ക് തന്നെ എഴുതാന്‍ കാരണം, താങ്കള്‍ "സ്വര്‍ഗം" സത്യമാണെന്ന് വിശ്വസിക്കുന്നതിനാല്‍ മാത്രമാണ്. സ്വര്‍ഗവും നരകവും ഇല്ല എന്ന് വിശ്വസിക്കുന്ന ഒത്തിരി ആളുകള്‍ ഭൂമിയിലുണ്ട്. അതവരുടെ "മണ്ടത്തരം"... എല്ലാതെന്തു പറയാന്‍...!
ഇനി വിഷയത്തിലേക്ക് കടക്കാം, ഇവിടെ സ്വര്‍ഗത്തില്‍ താങ്കള്‍ വിശ്വസിക്കുന്നത് പോലെ തന്നെ അടിച്ചു പൊളിച്ച് ജീവിക്കുന്നതിനു ആവശ്യമായ എല്ലാ സംഭവവും റെഡിയാക്കി വെച്ചിട്ടുണ്ട്. ഭൂമിയില്‍ ഇന്നേ വരെ കാണാത്ത പക്ഷികളും, മൃഗങ്ങളും, പര്‍വതങ്ങളും, മരങ്ങളും എന്ന് വേണ്ട കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകളും, ആനന്ദ ലബ്ധിയുളവാക്കുന്ന ജീവിത  സാഹചര്യവും, ആട്ടവും, പാട്ടും, നൃത്തവും എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്‍റെ പ്രശ്നം അതൊന്നുമല്ല.. ഇത്രയും സൌകര്യങ്ങള്‍ ഒരുക്കിയിട്ടും ഇങ്ങോട്ട് വരാന്‍ യോഗ്യതയുള്ള ഒരാളെയും എനിക്കിതുവരെ കാണാന്‍ സാധിച്ചില്ല. അതൊക്കെ തീരുമാനിക്കുന്നത് നമ്മുടെയെല്ലാം നാഥന്‍ ആണെങ്കിലും, ഭൂമിയില്ലുള്ളവരുടെ ഇന്നത്തെ ജീവിത രീതി കണ്ടാല്‍ ഈ സ്വര്‍ഗം അടച്ച് പൂട്ടേണ്ടി വരുമോ എന്ന് ഞാന്‍ സംശയിക്കുന്നത് തെറ്റാന്നോ?
മനുഷ്യരെ വെറുമൊരു വാടകക്കാരനായി ജീവിക്കാനാണ് ഭൂമിയിലേക്ക് അയച്ചത്. പക്ഷെ ഇന്ന് നിങ്ങള്‍ ജീവിക്കുന്നത് കണ്ടാല്‍ തോന്നും നിങ്ങളാണ് ഭൂമിയുണ്ടാക്കിയതെന്ന്.. നിങ്ങള്‍ എത്ര സ്വത്ത് സ്വരൂപിച്ചാലും അതൊന്നും ഇങ്ങോട്ട് കൊണ്ടുവരാന്‍ കഴിയില്ല. പിന്നെയെന്തിന് നിങ്ങള്‍ തെറ്റ് ചെയ്തുകൂട്ടുന്നു. നിങ്ങള്‍ ഇവിടെ വന്നാല്‍ അതിനെക്കാളും വിലയുള്ള വസ്തുക്കള്‍ ഫ്രീയായിട്ട് കിട്ടും. ഇങ്ങോട്ട് വരാനുള്ള വഴികള്‍ നിങ്ങള്‍ക്കറിയാം എന്നെനിക്കറിയാം. പക്ഷെ നിങ്ങളത് ചെയ്യാതെ തെറ്റുകള്‍ തേടി നടക്കുകയാണ്. 
സത്യം പറഞ്ഞാല്‍, നിങ്ങള്‍ നന്നാവാന്‍ വേണ്ടിയല്ല ഞാന്‍ ഇതൊക്കെ പറയുന്നത്. എനിക്കിവിടെ ബോറടിക്കുന്നു. എത്രയോ കാലമായി ഒരാളെയെങ്കിലും ഇങ്ങോട്ട് വരാന്‍ യോഗ്യരാക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍. അത് കൊണ്ട് ഇതൊരു അപേക്ഷയായി കരുതി, നിങ്ങളെല്ലാവരും അല്ലെങ്കില്‍ കുറച്ചു പേരെങ്കിലും ഇങ്ങോട്ട് വരാന്‍ നോക്കണം. പ്ലീസ്‌.
തല്‍കാലം നിര്‍ത്തുന്നു. നേരില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെ...
സ്വര്‍ഗത്തില്‍ നിന്നും,
കാവല്‍ക്കാരന്‍.
(ഒപ്പ്)


3 comments:

Unknown said...

നല്ല ഒരു ഓർമപ്പെടുത്തൽ.........................

Ismail Chemmad said...

ഈ ഓര്‍മപ്പെടുത്തല്‍ നന്നായി നിയാസ് ... പലപ്പോഹും നാം ഇതൊക്കെ മറന്നു പോകുന്നു

new said...

നമ്മുടെ സ്ടാടുസ്‌ ഒക്കെ വച്ച് അങ്ങോട്ട്‌ വരുന്നത് ഞങ്ങള്‍ക്ക് നാണക്കേട തമ്പുരാനെ :)

chintha.com