Monday, June 27, 2011

ഭാഗ്യക്കുറി

നാളെയാണ് നാളെയാണ്.. കേരള സംസ്ഥാന ഭാഗ്യകുറി., ഒന്നാം സമ്മാനം 20 ലക്ഷവും ഒരു ആള്‍ട്ടോ കാറും..... നാളെയാണ് നറുക്കെടുപ്പ്... 

ലോട്ടറി വില്‍പ്പനക്കാരന്റെ ഉച്ചത്തിലുള്ള വിളിച്ചു കൂവല്‍ കേട്ടാണ് അയാള്‍ തിരിഞ്ഞു നോക്കിയത്. ഒരു പയ്യന്‍, കയ്യില്‍ കുറച്ച് ലോട്ടറികളുമായി തന്റെ നേര്‍ക്ക്‌ നടന്നു വരികയാണ്. 

"സാര്‍, ലോട്ടറി വേണോ സാര്‍..? ഭാഗ്യമുണ്ടെങ്കില്‍ നാളെ നിങ്ങള്‍ക്ക് ഒരു ലക്ഷപ്രഭുവാകാം.. ഒന്നെടുക്കട്ടെ സാര്‍.."

"വേണ്ട.. ഞാന്‍ ലോട്ടറി എടുക്കാറില്ല"

"ആദ്യമായിട്ട് ഒന്ന് എടുത്തു നോക്കൂ സാര്‍.."

"വേണ്ട" 

"ഭാഗ്യം എപ്പോഴാണ്, എങ്ങിനെയാണ് വരുന്നതെന്നറിയില്ല. ഒന്ന് എടുക്കൂ സാര്‍"

"തന്നോടല്ലേ വേണ്ടാന്നു പറഞ്ഞത്.. ശല്യപെടുത്താതെ പോടോ.."

"ഹോ നിങ്ങള്‍ക്കൊന്നും കേരളാ ലോട്ടറി പിടിക്കൂല്ലല്ലോ..!! വല്ല ഭുട്ടാണോ ജപ്പാനോ ആണെങ്കില്‍ ഓടി വന്ന് എടുത്തേനെ..!!!"

പയ്യന്റെ വാക്കുകള്‍ കേട്ട് അയാള്‍ക്ക്‌ ദേഷ്യം വന്നെങ്കിലും, അവന്റെ ആ നില്‍പ്പും, കണ്ണുകളിലെ തിളക്കവും, നിഷ്കളങ്കമായ ചിരിയും അയാളെ ആകര്‍ഷിച്ചു. അയാള്‍ അവനെ ശരിക്കുമൊന്നു നോക്കി. വലിയ ഷര്‍ട്ടും, കീറിയ പാന്റും ആണെങ്കിലും നല്ല വൃത്തിയുള്ളതായിരുന്നു. അയാള്‍ നോക്കുന്നുവെന്നു അറിഞ്ഞിട്ടും അത് ശ്രദ്ധിക്കാത്ത മട്ടില്‍ നില്‍ക്കുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി അയാള്‍ ചോദിച്ചു.

"ഒരു ടിക്കറ്റ്‌ വിറ്റാല്‍ നിനക്കെന്തു കിട്ടും..?"

"അതൊക്കെയെന്തിനാ സാറേ.., എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ.., സാറിനു ടിക്കറ്റ്‌ വേണമെങ്കില്‍ ഒന്നെടുക്ക്.."

"വെറുതെ ഒന്നറിയാനാടോ.. താന്‍ ചൂടാവാതെ.."

"ഒരു രൂപ കിട്ടും.."

"ഒരു ദിവസം എത്ര ലോട്ടറി വില്‍ക്കും"

"ഇരുപതു - മുപ്പതെണ്ണം വില്‍ക്കും"

അയാള്‍ പോക്കറ്റില്‍ നിന്നും പത്ത് രൂപയെടുത്ത്‌ അവന്റെ കയ്യില്‍ വെച്ച് കൊടുത്തിട്ടു പറഞ്ഞു.
"എനിക്ക് ലോട്ടറിയൊന്നും വേണ്ട.. ഇത് നീ വെച്ചോ.."



അവനയാളെ ഒരു നിമിഷം നോക്കി. അടുത്ത നിമിഷം ആ പത്ത് രൂപാ നോട്ട് അയാള്‍ നേര്‍ക്ക് വലിച്ചെറിഞ്ഞു കൊണ്ട് അലറി "ഞാന്‍ തെണ്ടിയല്ല സാര്‍..!!!!."


സ്തംഭിച്ചു നിന്ന് പോയ അയാള്‍, അവന്റെ കണ്ണുകളില്‍ കത്തിജ്വലിക്കുന്ന അഗ്നിഗോളങ്ങള്‍ കണ്ടു. അവന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ അയാള്‍ തിരിഞ്ഞു നടന്നു. അപ്പോഴും ആ പയ്യന്‍, അടങ്ങാത്ത അമര്‍ഷത്തോടെ അയാളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.

   *****

9 comments:

സിവില്‍ എഞ്ചിനീയര്‍ said...

നല്ല കഥ,

Shanaz Kapil said...

കൊള്ളാം......

majeed alloor said...

അഭിനന്ദനങ്ങ്ങ്ങള്‍

കൊമ്പന്‍ said...

അദ്ദ്വാനിച്ചു ഉണ്ണ് ന്നതിന്റെ സുഖം തെണ്ടി തിന്നാല്‍ കിട്ടില

Jefu Jailaf said...

തീരെ പ്രതീക്ഷിക്കാത്ത ഒരു അവസാനിപ്പിക്കല്‍..ഇഷ്ടപ്പെട്ടു..ആശംസകള്‍..

രാജാവിന്റെ മകന്‍ said...

കൊള്ളാം................

Areekkodan | അരീക്കോടന്‍ said...

വെറുതെ കിട്ടുന്ന കാശ് സ്വീകരിക്കാന്‍ പ്രയാസമുള്ള പലരില്‍ ചിലര്‍...

Naushu said...

നല്ല കഥ !!!

ശങ്കരനാരായണന്‍ മലപ്പുറം said...

നല്ല കഥ!

chintha.com