Saturday, July 16, 2011

രാജയോഗം

രു കര്‍ഷക കുടുംബത്തില്‍ ജനിച്ചു എന്നത് ഒരു തെറ്റായി അയാള്‍ കണ്ടിരുന്നില്ല. എങ്കിലും അച്ഛന്റെയും അമ്മയുടെയും ദുരിതങ്ങള്‍ കണ്ട് മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. തന്റെ പഠിത്തം കഴിഞ്ഞ് ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. പക്ഷേ ഇപ്പോഴെത്തെ കാലത്ത് ഒരു സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ രാഷ്ട്രീയ സ്വാധീനമോ, കൈക്കൂലി കൊടുക്കാനുള്ള പണമോ വേണമെന്നത് അവര്‍ക്കറിയില്ല.

ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒന്നൊഴിയാതെ വന്നുകൊണ്ടിരിക്കുമ്പോഴും അച്ഛന്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതില്‍ അമ്മക്ക് നീരസമുണ്ടായിരുന്നു. പാര്‍ട്ടിയെന്നാല്‍ അച്ഛന് ജീവനാണ്. പാര്‍ട്ടി പറയുന്നത് കഴിഞ്ഞേയുള്ളൂ മറ്റെന്തും. പകല്‍ മുഴുവന്‍ പാടത്തും വരമ്പത്തും പണിയെടുത്ത്, വിയര്‍ത്തു കുളിച്ച് വീട്ടിലെത്തിയയുടനെ തന്നെ പാര്‍ട്ടി ഓഫീസിലേക്ക് വെച്ച് പിടിക്കും. തിരിച്ചെത്തുന്നത് പലപ്പോഴും രാത്രിയുടെ യാമങ്ങളിലായിരിക്കും. അമ്മയാണെങ്കില്‍ താന്‍ ജനിച്ചപ്പോള്‍ എഴുതിച്ച ജാതക പ്രകാരം അച്ഛനും അമ്മയ്ക്കും രാജയോഗം വരുമെന്ന പ്രതീക്ഷയില്‍ എല്ലാ ദുഖങ്ങളും ഉള്ളിലൊതുക്കി കഴിയുന്നു.
*****
കാലം കടന്നു പോയി.. പാര്‍ട്ടിയോടുള്ള ആത്മാര്‍ഥതയും കൂറും കണക്കിലെടുത്ത് അച്ഛനെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ അവരോധിച്ചു. സ്ഥാന ലബ്തിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്‌ അമ്മയായിരുന്നു. അച്ഛന് രാജയോഗം വന്നു എന്നവര്‍ വിശ്വസിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഒരു രാജയോഗം തന്നെയായിരുന്നു അത്. സ്ഥാനവും പദവിയും ലഭിച്ചതോടെ അച്ഛന് പണിക്കു പോകാന്‍ സമയമില്ലാതായി. രാവും പകലും പാര്‍ട്ടിക്കും അണികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. നേതാവിനോടുള്ള നന്ദിയും കടപ്പാടും അണികള്‍ വാരി കോരി പ്രകടിപ്പിച്ചു. മഴ പെയ്താല്‍ ചോരുമായിരുന്ന വീട്ടില്‍ നിന്നും നേതാവ് പുതിയ കോണ്‍ക്രീറ്റ് വീട്ടിലേക്ക് താമസം മാറിയത് പെട്ടന്നായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളും യോഗങ്ങളും നടക്കുമ്പോള്‍ കൃത്യസമയത്ത് എത്തി ചേരാന്‍ പാര്‍ട്ടി വക പുതിയ കാറും ലഭിച്ചതോടെ "രാജയോഗം" ശരിക്കും തുടങ്ങി. പിന്നീടങ്ങോട്ട് നേട്ടങ്ങളും സമ്പാദ്യങ്ങളും മാത്രമായിരുന്നു ലക്‌ഷ്യം.

അണികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഓടി നടക്കുന്നത് ഫോണ്‍ വിളിയില്‍ ഒതുങ്ങി. പാടത്ത് പണിയെടുക്കുന്നവന്റെ വിയര്‍പ്പിന് പോലും സുഗന്ധമാന്നെന്നു  പ്രസംഗിച്ചു നടന്നിരുന്ന നേതാവിന് ചെളിയും വിയര്‍പ്പും ഇപ്പോള്‍ വെറുപ്പാണ്. വീട്ടില്‍ വരുന്ന അണികളോട് വളരെ വിനയത്തോടെ സംസാരിക്കുമെങ്കിലും അവര്‍ പോയി കഴിഞ്ഞാല്‍ നേതാവിന്റെ മുഖം മാറും. വീട്ടില്‍ വരുന്ന അണികള്‍ക്ക് സ്നേഹത്തോടെ ചായ കൊടുക്കുന്ന അമ്മ, അവര്‍ പോയാല്‍ പറയും " ചളിയും വിയര്‍പ്പും കഴുകാതെ വരുന്നവരെ അകത്തു കയറ്റുന്നത് ഒഴിവാക്കി കൂടെ മനുഷ്യാ..."

മകനായ തന്റെ പഠിത്തവും ജോലിയും ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും പ്രശ്നമല്ല. അവര്‍ക്കിപ്പോള്‍ ദുരിതങ്ങളില്ല്ലല്ലോ... ഇങ്ങനെയൊരു മകന്‍ ഉണ്ടെന്നു പോലും അവര്‍ക്ക് ഓര്‍മ്മയില്ല.
സ്വന്തം അച്ഛന്‍ പദവികള്‍ ഓരോന്ന് വെട്ടിപിടിക്കുന്നതും അമ്മ നേതാവിന്റെ ഭാര്യ എന്ന നിലയില്‍ അഹങ്കരിക്കുന്നതും കണ്ടപ്പോള്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചത്‌ തെറ്റായി പോയെന്നു അയാള്‍ക്ക്‌ തോന്നി.
*******

3 comments:

ഷാജു അത്താണിക്കല്‍ said...

നമ്മള്‍ അവരെ രാഷ്ട്രീയ കാരനാക്കി അല്ലേ
നല്ല എഴുത്

സ്വന്തം സുഹൃത്ത് said...

chila karyangal parayathe vayya alle ? kalakki.. TTO

വിധു ചോപ്ര said...

നിയാസ് ,സംഭവങ്ങളെ അതുപോലെ വിവരിക്കുമ്പോൾ അത് നല്ല വായനാനുഭവം തരുന്നില്ല എന്ന കാര്യം ശ്രദ്ധയിൽ പെടുത്തിക്കൊള്ളട്ടെ. സ്ഥിരം കാണുന്നതും കേൾക്കുന്നതുമായ ഒരു സാധാരണ വിഷയത്തെ സാധാരണമായി അവതരിപ്പിച്ചതു കൊണ്ട് താങ്കൾക്കെന്തെങ്കിലും സംതൃപ്തി ലഭിക്കുന്നുണ്ടെങ്കിൽ ഈ പോസ്റ്റിനെ കുറ്റം പറയാനാവില്ല. പക്ഷേ വായന.....................! ഈ സംഭവത്തെ നന്നായി തന്നെ കഥാരൂപത്തിലാക്കാമായിരുന്നു.ആശംസകളോടെ വിധു

chintha.com